You can access the distribution details by navigating to My Print Books(POD) > Distribution
Also Available As
₹ 199
₹ 199
ഭൂപ്രകൃതിക്കു ചേരുന്ന സ്പോർട്സ് ടൂറിസം
ഒരിക്കൽ ചെന്നൈയിൽ നിന്നൊരു ടൂറിസം കൺസൾട്ടൻറ് കോട്ടയത്ത് എത്തി. കേരളത്തിലെ സ്പോർട്സിൻറെ ചരിത്രകാരൻ എന്ന നിലയിൽ എന്നെക്കാണാൻ ചെന്നൈയിലെ ചില സ്പോർട്സ് ലേഖകർ ഉപദേശിച്ചതനുസരിച്ചുവന്നതാണ്. അദ്ദേഹം അന്വേഷിച്ചത് കുമരകത്ത് ഗോൾഫ് കോഴ്സിനുള്ള സാധ്യതകളാണ്.
'കുമരകം ഒരു വിനോദ സഞ്ചാര കേന്ദ്രമാണെന്ന് അറിയാം. അവിടെ ഒരു ഗോൾഫ് കോഴ്സും അനുബന്ധ താമസ, ഭക്ഷണ സൗകര്യങ്ങളുമൊക്കെ ഒരുക്കിയാൽ വിദേശത്തുനിന്ന് ആളുകൾക്ക് അവിടെ വന്നു താമസിച്ചു ഗോൾഫ് കളിച്ച്, പ്രകൃതിയും ജലയാത്രയുമൊക്കെ ആസ്വദിച്ചു മടങ്ങാം.' അദ്ദേഹം വിശദീകരിച്ചു.
ജപ്പാനിൽ നിന്നൊക്കെ ഗോൾഫ് പ്രേമികളായ വിനോദ സഞ്ചാരികൾ ചാർട്ടേർഡ് വിമാനത്തിൽ വരും. ഹെലിക്കോപ്റ്റർ ഇറങ്ങാൻ സൗകര്യമുണ്ടെങ്കിൽ കൂടുതൽ നല്ലത്. അദ്ദേഹം വാചാലനായി. പക്ഷേ, ഒറ്റനോട്ടത്തിൽ അത്തരം സാധ്യതകൾ കുമരകത്ത് ഇല്ലായിരുന്നതിനാൽ അദ്ദേഹം മടങ്ങി.
സ്പോർട്സ് ടൂറിസത്തെക്കുറിച്ചു നമ്മൾ മലയാളികൾ ചിന്തിച്ചുതുടങ്ങും മുമ്പായിരുന്നു ഇത്. ഞാൻ ഈ സംഭവം, ഇന്ത്യൻ സ്പോർട്സിൽ വിപ്ലവം കൊണ്ടുവന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ ബി.വി.പി.റാവുവിനോട് പറഞ്ഞു. പ്രകൃതിക്ക് ഇണങ്ങിയ സ്പോർട്സ് ടൂറിസം സാധ്യതകൾ തേടണമെന്നായിരുന്നു. റാവുവിൻറെ ഉപദേശം.
മാർഗരറ്റ് ആൽവ കേന്ദ്ര സ്പോർട്സ് മന്ത്രിയായിരുന്നപ്പോൾ സ്പോർട്സ് അതോരിറ്റി ഓഫ് ഇന്ത്യ (സായ്) യിൽ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായിരുന്നു അസം കെഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനും ഹൈദരാബാദ് സ്വദേശിയുമായ റാവു. 'സായ്' പദ്ധതികളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സ്പെഷൽ ഏരിയ ഗെയിംസിൻറെ ഉപജ്ഞാതാവ്.
ഓരോ നാടിനും ചില പ്രത്യേകതകൾ ഉണ്ട്. അവിടുത്തെ ആളുകൾക്ക് നൈസർഗികമായ ചില കഴിവുകളുമുണ്ട്. ഇതു കണ്ടെത്തി സ്പോർട്സ് വികസനം നടപ്പിലായാൽ ഇന്ത്യക്ക് ഒളിംപിക് മെഡൽ ലഭിക്കുമെന്ന് 1980കളുടെ മധ്യത്തിൽ റാവു നിർദ്ദേശിച്ചു. ആലപ്പുഴയിൽ ജലകായിക വിനോദങ്ങൾക്കും വയനാട്ടിൽ അമ്പെയ്ത്തിനും തലശേരിയിൽ ജിംനാസ്റ്റിക്സിനുമൊക്കെ 'സായ്' പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയത് റാവുവിൻറെ നിർദ്ദേശത്തെത്തുടർന്നാണ്. ആർച്ചറിയിലും ബോക്സിങ്ങിലും ഗുസ്തിയിലും ജിംനാസ്റ്റിക്സിലൂമൊക്കെ ഇന്ത്യ ലോകനിലവാരത്തിലെത്തിയത് റാവു പദ്ധതികളുടെ തുടർച്ചയാണ് എന്ന് ഓർക്കണം.
ബഞ്ചീ ജംപിങ്ങിൽ പ്രാഗൽഭ്യം കാട്ടിയിരുന്ന മഹാരാഷ്ട കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥൻ, മലയാളിയായ എസ്. ശങ്കരമേനോനെയും ഓർക്കുന്നു. ബാങ്ക് വായ്പയെടുത്ത് ഒളിംപിക്സ് കാണാൻ പോകുന്ന സിദ്ധാർഥ മേനോനെ പരിചയപ്പെട്ടത് 1996ലെ അറ്റ്ലാൻറ ഒളിംപിക്സ് വേളയിലാണ്. അദ്ദേഹമാണു ബഞ്ചീ ജംപിങ് എനിക്കു പരിചയപ്പെടുത്തിയത്.
ബി.വി.പി. റാവു ശൈലിയിൽ കേരളത്തിൽ സ്പോർട്സ് ടൂറിസം വികസനം സാധ്യമാകും. കരയിലും വെള്ളത്തിലും ആകാശത്തും പരീക്ഷിക്കാവുന്ന സാഹസിക കായിക വിനോദങ്ങൾക്ക് ഇണങ്ങുന്ന സ്ഥലങ്ങൾ വേർതിരിച്ചെടുത്ത് അതനുസരിച്ച് സാധ്യതകൾ ആരായണം. അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കണം. വ്യക്തമായ കർമ പദ്ധതിയോടെ ചുവടുവച്ചാൽ വലിയ മുന്നേറ്റം സാധ്യമാകും. സംശയംവേണ്ട. ബി.വി.പി.റാവു തന്നെ ഈ പുസ്തകത്തിന് അവതാരിക എഴുതിയത് വലിയ ഭാഗ്യമായികാണുന്നു. ഇന്ത്യൻ സ്പോർട്സിലെ അഴിമതിക്കും രാഷ്ട്രീയ ഇടപെടലുകൾക്കും സ്വജന പക്ഷപാതത്തിനുമെതിരെ എന്നും പൊരുതിയ, 'ക്ലീൻ സ്പോർട്സ് ഇന്ത്യ'യുടെ സ്ഥാപക കൺവീനർ ആയ റാവു എൻറെ അടുത്ത സുഹൃത്താണ് എന്ന് അഭിമാനപൂർവ്വം പറയട്ടെ.
കേരളത്തിൽ നിലവിൽ ഉള്ളതും ഇനിയും സാധ്യമാകുന്നതുമായ സ്പോർട്സ് ടൂറിസം അടിസ്ഥാനമാക്കി തയാറാക്കിയതാണ് ഈ ഗ്രസ്ഥം. പരീക്ഷിക്കാവുന്ന വിനോദങ്ങളും വിശദീകരിച്ചിട്ടുണ്ട്. അനുബന്ധമായി ഇന്ത്യയിലും വിദേശത്തും ഉള്ള സ്പോർട്സ് ടൂറിസം മേഖലകളെയും ഇന്ത്യയിലെ പരിശീലനകേന്ദ്രങ്ങളെയും പരിചയപ്പെടുത്തുന്നു. സ്പോർട്സ് ടൂറിസം വിജയിപ്പിച്ച, കേരളത്തിലെ ഏതെങ്കിലും കേന്ദ്രം വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. മനപ്പൂർവമല്ല. കൂടുതൽ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു.
സ്നേഹാദരങ്ങളോടെ,
സനിൽ പി. തോമസ്
Currently there are no reviews available for this book.
Be the first one to write a review for the book Sports Tourism - സ്പോർട്സ് ടൂറിസം.